രണ്ടു ദിവസമായി രണ്ട് നേരത്തെ ഭക്ഷണം കഴിക്കാതെ രണ്ടുപോക്കറ്റിലും രണ്ടു രൂപ പോലുമില്ലാതെ രണ്ടടി നടക്കാൻ വയ്യാതെ രണ്ടാളുമിരിയ്ക്കാൻ തുടങ്ങിയിട്ട്. രണ്ടുമൈലപ്പുറം രണ്ടക്കന്റെ രണ്ടാം നിലയിലെ കടയിൽ രണ്ടാൾക്കുള്ള ചോറുണ്ടാകും. രണ്ടിലയിട്ട് രണ്ടുപിടി ചോറുതിന്നാൽ രണ്ടുപേർക്കും രണ്ടുനേരമിനി വിശക്കില്ല.
രണ്ടുമണിക്ക് വരുമെന്ന് പറഞ്ഞ രണ്ടക്ക നമ്പർ ബസ് രണ്ടരയായിട്ടും വരാത്തതുകൊണ്ട് രണ്ടടിയെങ്കിൽ രണ്ടടി നടക്കാമെന്നു കരുതി രണ്ടുപേരും രണ്ടാനമ്മയുടെ വീട്ടിൽ നിന്നുമിറങ്ങി.
രണ്ടുപേരല്ലല്ലോ പ്രശ്നം. രണ്ടുവയറല്ലേ? രണ്ടുവയറും രണ്ടിഞ്ചെങ്കിലും നിറയാൻ രണ്ടരി ചോറു കിട്ടിയെങ്കിൽ എന്നങ്ങനെ കരുതി നടക്കുമ്പോൾ രണ്ടിലൊരാൾ രണ്ടടി തികയ്ക്കാതെ വീണു.
വീണവനെ രണ്ടുതവണ വിളിച്ചും രണ്ടടിയടിച്ചും നോക്കിയ രണ്ടാമന് രണ്ടാമതൊന്നാലോചിക്കാതെതന്നെ രണ്ടുകാര്യം പിടികിട്ടി. രണ്ടടി നടക്കാൻ പറ്റാതെ താനും വീഴും. രണ്ടുതുള്ളി വെള്ളം കിട്ടാതെ താനും ചാവും.
രണ്ടുതുള്ളി കണ്ണീർ പൊഴിച്ചു കൊണ്ട് രണ്ടടി നടക്കാതെ തന്നെ രണ്ടാമനും വീണു.
No comments:
Post a Comment