"Basically ഞാൻ ഒരു എഴുത്തുകാരനല്ലേ?"
ഞാൻ പറഞ്ഞ ഉത്തരം ശെരിക്കും എന്നെ തന്നെ ചിന്തിപ്പിക്കുന്നു.
അതേ. ഞാൻ ഒരു എഴുത്തുകാരനാണ്. രാത്രി ഉറക്കം വരാതെ കിടന്നപ്പോൾ പഴയ ഡയറികൾ ഒക്കെ എടുത്തു മറിച്ചുനോക്കി. 2006 മുതൽ ഒക്കെ ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. എഴുതാനുള്ള കാരണം പ്രണയം മാത്രമാണ് എന്ന് പറയാൻ പറ്റില്ല. അതും ഒരു കാരണം എന്ന് മാത്രമേ പറയാനാകൂ.
ആദ്യമൊക്കെ കൃത്യമായി ഡയറി എഴുത്തു തുടർന്നിരുന്നു എങ്കിലും പയ്യെപ്പയ്യെ അത് നേർത്തു വന്നു. പിന്നെ മാസത്തിലൊരിക്കൽ എന്നായി. ഒടുവിൽ എന്നെങ്കിലുമൊരിക്കൽ എന്ന അവസ്ഥയിലെത്തി. പലപ്പോഴും എഴുത്തിലേയ്ക്ക് തിരികെ വരാൻ കൊതിക്കും. പിന്നെയും ഓരോരോ കാരണങ്ങളാൽ മുടങ്ങും.
തിരിഞ്ഞു നോക്കുമ്പോൾ നേട്ടങ്ങൾ എന്നു പറയാൻ ജീവിതവഴിയിൽ ആർജിച്ചെടുത്ത കുറച്ച് അറിവും പിന്നെ കുറെ പേരുടെ മനം നിറഞ്ഞ സ്നേഹവും കരുതലുമാണ്. കുറെ പേരെ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്. ആഗ്രഹിച്ച പലർക്കും ഞാൻ സമയം നൽകിയിട്ടില്ല. സമാധാനം കിട്ടിയിരുന്ന പല ഇടങ്ങളിൽ നിന്നും മനപൂർവം വിട്ടുനിന്നിട്ടുണ്ട്. കാരണം ഉള്ളിൽ എരിയുന്ന കനൽ അത്രയേറെ തീക്ഷ്ണമായിരുന്നു. കുറെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വേണ്ടിയിരുന്നു. അത് കണ്ടെത്താനുള്ള തുടർച്ചയിലാണിപ്പോൾ.
ചിത്ര ടീച്ചർ പണ്ട് പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് ഓടിയെത്തുന്നു. You got the gift of gab. പക്ഷെ ഞാനത് പൂർണമായും ഉൾക്കൊണ്ടില്ല. അല്ലെങ്കിൽ ആ കഴിവ് മുന്നോട്ടു കൊണ്ടുപോകാനും കൂടുതൽ മെച്ചപ്പെടുത്തി ജീവനോപാധിയാക്കാനും ഞാൻ ശ്രമിച്ചില്ല.
എന്തായാലും പുസ്തക വായനയിലേക്കും മറ്റും ശക്തമായി തിരിച്ചുപോകേണ്ടതുണ്ട്. എന്റെ സമാധാനം എഴുത്തിൽ തന്നെ കുടികൊള്ളുകയാണ്. തുടർച്ചയായ എഴുത്തുകൾ എന്നാൽ തുടർച്ചയായ സമാധാനം. പക്ഷെ ഇപ്പോഴത്തെ കാലത്ത് ഏഴുത്തു മാത്രം പോരല്ലോ. ഭാഷ, ദൃശ്യത്തിലൂടെ അനുവാചകനിലേക്ക് എത്തണം. ഓരോ കാലത്തും ആശയവിനിമയത്തിനു വഴികൾ കണ്ടെത്താൻ മനുഷ്യൻ ശ്രമിച്ചിരുന്നു. ഭാഷ കടന്നു വരുന്നത് അങ്ങനെയാണ്. ആദ്യം ശബ്ദങ്ങളും ആംഗ്യങ്ങളും ഒക്കെയായിരുന്നത് പിന്നെ അടുക്കും ചിട്ടയുമൊക്കെ വന്നു വന്ന് അക്ഷരങ്ങളായി. എഴുത്തുകൾ അങ്ങനെ തുടരുമ്പോഴാണ് വിവരസാങ്കേതിക വിദ്യ വളരുന്നതും പിന്നീട് ഫോണും കമ്പ്യൂട്ടറും ഒക്കെ വന്ന് ഇപ്പൊ ആശയവിനിമയം മുഴുവൻ ഡിജിറ്റൽ ആയി മാറുന്നത്.
കത്തെഴുതിയിരുന്ന... കത്തു വായിച്ചിരുന്ന ഒരു കാലം, അതെങ്ങോ മറഞ്ഞു. ഇപ്പൊ എല്ലാവരും എളുപ്പ വഴിയിൽ എന്തെങ്കിലും പറഞ്ഞൊപ്പിക്കാനാണ് ശ്രമിക്കുന്നത്. എഴുതി ഫലിപ്പിക്കുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമായി മാറിയിരിക്കുന്നു. കേൾക്കുന്നതും കാണുന്നതും, വായിച്ചു മനസിലാക്കുക എന്നതിനേക്കാൾ ഈസി ആണല്ലോ. അതുകൊണ്ടു തന്നെ പലരും ആശയവിനിമയം മുഴുവൻ വീഡിയോ കാൾ വഴിയാണിപ്പോ. മെസ്സേജ് ടൈപ്പ് ചെയ്യാനും വായിക്കാനും പോലും മടി കാരണം എല്ലാവരും വാട്സാപ്പിൽ വോയ്സ് അയക്കുന്നു.
മനുഷ്യൻ എന്നും എളുപ്പവഴി തേടിക്കൊണ്ടിരിക്കുന്നു. നമ്മൾ ചെയ്തു കൊണ്ടിരുന്ന പല ജോലികളും ഇന്ന് യന്ത്രസഹായത്താൽ ചെയ്യാൻ കഴിയും. കമ്പ്യൂട്ടറുകൾ നമ്മെക്കാൾ വൃത്തിയായും കൃത്യമായും കാര്യങ്ങൾ നിർവഹിക്കും. മെറ്റാവേഴ്സിന്റെ കാലമാണിനി. എങ്ങനെയൊക്കെയാവും പുത്തൻ വിവരസാങ്കേതികവിദ്യയുടെ തോളിലേറി ആശയവിനിമയരീതികൾ മാറുക എന്നത് കണ്ടറിയണം.
