എട്ടു വർഷം. നീണ്ട എട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ ബ്ലോഗ് തുടങ്ങിയിട്ട്. ഇത്രനാളും എന്തൊക്കെയായിരുന്നു ചെയ്തിരുന്നത് എന്നത് ഓർക്കുമ്പോൾ ഓർമകളിൽ ഒന്നും തന്നെ ഇല്ല. പക്ഷെ 8 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിർത്തിപ്പോയ എഴുത്ത് വീണ്ടും വായിക്കുമ്പോൾ അത്രത്തോളം ഇഷ്ടത്തോടെ ചെയ്തിരുന്ന ഒരു പ്രവൃത്തിയും വേറെ ഇല്ലായിരുന്നു എന്ന് തോന്നിപ്പോകുന്നു. കഴിഞ്ഞ എട്ടുവര്ഷവും തുടർന്നിരുന്നു എങ്കിൽ വളരെയേറെ മെച്ചപ്പെടുമായിരുന്നേനെ എന്നൊരു തോന്നൽ. പക്ഷെ കഴിഞ്ഞു പോയ വർഷങ്ങളിൽ ഓരോ നിമിഷങ്ങളിലും പൂർണമായി വീണലിയുവാനാണ് ശ്രമിച്ചിരുന്നത്. ഓർമകളിൽ ജീവിക്കുക എന്നത് എന്നും പൂർണതയ്ക്ക് തടസ്സമാകുന്നു എന്നതാണ് സത്യം. മാത്രമല്ല ഓർമ്മകൾ പലതും വേദനകളിലേയ്ക്ക് മാത്രം ചെന്നെത്തുന്ന ഇടനാഴികളായിരുന്നു. തിരികെ ചെല്ലാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ചില ഇടങ്ങൾ. വീണ്ടെടുക്കാൻ കഴിയാത്തവയാണ് കഴിഞ്ഞുപോയ നിമിഷങ്ങൾ ഓരോന്നും.
പക്ഷെ കാലം കാത്തുവെച്ചിരുന്നതുപോലെ ചില നിമിത്തങ്ങൾ വീണ്ടും വരുന്നു. ജീവന് ആനന്ദമേകുന്നു. ജീവിതത്തിനു ചില അർഥങ്ങൾ പകരുന്നു. അറിയില്ല ഒഴുക്ക് എങ്ങോട്ടാണെന്ന്. എന്തായാലും ഒരിടത്തങ്ങനെ കെട്ടിക്കിടക്കാൻ വയ്യ. എല്ലാം ഇട്ടെറിഞ്ഞുള്ള യാത്രയെ പറ്റി ആലോചനകൾ ആഴത്തിൽ തുടരുന്നതിനിടെ, എന്തിനു തുടരണം എന്ന ചിന്തകൾ തലയ്ക്കുള്ളിൽ ഇരുട്ടറകൾ പണിയുന്നതിനിടയിൽ നേരിയ നുറുങ്ങു വെട്ടം വീണ്ടും. വെളിച്ചം ഉണ്ടാകാമായിരുന്ന ഇടങ്ങളിൽ നിന്നെല്ലാം കഴിവതും അകലം പാലിച്ചിരുന്നതാണ്. പക്ഷെ ഇത് തേടിവന്നപോലെ ഒന്ന്. ഒരു സത്യം വെളിപ്പെടുന്നു.
എത്ര മഹത്തായ ആശയങ്ങളെയും ആളിപ്പടർത്താൻ കഴിയുക പ്രണയത്തിനു മാത്രമാണ്. അതിനോളം തീക്ഷ്ണത വേറൊന്നിനുമില്ലെന്ന സത്യം.
വെളിച്ചം എത്രദൂരം ഇരുട്ടകറ്റും എന്നറിയില്ല. പക്ഷെ വേണ്ട എന്ന് കരുതിയിട്ടും അരികിൽ എത്തിയതിനെ വിട്ടുകളയുന്നത് പ്രകൃതിയുടെയും കാലത്തിന്റെയും നിയമസംഹിതകളെ മാനിക്കാതിരിക്കുന്നതിനു തുല്യമാണ്. ഒരു പക്ഷെ ഞാൻ പറയേണ്ടതെന്തൊക്കെ എന്ന് കാലം തന്നെ വീണ്ടും പഠിപ്പിച്ചുതരികയാണ്.
ഏതെങ്കിലും ഒന്നിന്റെ കെട്ടുപാടിൽ പെടാതെ എല്ലാം ഒന്നെന്ന സത്യത്തിലെത്തണമെന്ന പാഠം.
എല്ലാം ഒന്നെന്നറിയുക. ജൈവമാകുക. സത്യമാകുക.
ARUMAMAKAN