വായനയെ ഓർമിപ്പിക്കാൻ വേണ്ടിയാണോ ഈ ദിനം. വെറുതെ അങ്ങനെ വായിക്കുക മാത്രം ചെയ്താൽ മതിയോ എന്നതാണ് ചോദ്യം. വായിക്കുന്നത് എന്തിനാണ്. ? വെറുതെ ഒരു നേരമ്പോക്ക്. ഒരു ഹോബി. പക്ഷേ അതിലുപരി അറിവ് സമ്പാദനം.
അറിവുകൾ നേടാൻ വഴികൾ പലതാണ്. മിണ്ടിയും പറഞ്ഞും നടന്നിരുന്ന മനുഷ്യൻ സംസാര ഭാഷയെ അടയാളപ്പെടുത്താനായി അക്ഷരങ്ങളും അക്കങ്ങളും ഒക്കെ രൂപപ്പെടുത്തിയത് അടുത്ത തലമുറയ്ക്ക് പിൻഗാമികൾ മനസ്സിലാക്കിയതൊക്കെ അവരുടെ അഭാവത്തിലും അറിയുന്നതിനുള്ള വഴിയൊരുക്കി.
വിവരങ്ങൾ കൈമാറ്റം ചെയ്യാനുള്ള വഴികൾ പിന്നെയും പലത് നമ്മൾ കണ്ടെത്തി. ഗുഹാമനുഷ്യർ പാറക്കല്ലുകളിൽ കൊത്തിയിട്ടത് കണ്ടുവളർന്നവർ പിന്നെ മൃഗങ്ങളുടെയും മരങ്ങളുടെയും തോലിൽ ചിത്രങ്ങളും എഴുത്തുകളും കോറിയിട്ടു . പയ്യെപയ്യെ എഴുതുവാനുള്ള മാധ്യമങ്ങളും എഴുത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പരിണാമത്തിന് വിധേയമായി. എഴുത്തോലയും നാരായവും പേപ്പറും പെൻസിലും മഷിപ്പേനയും കടന്ന് ഒടുവിൽ ഡിജിറ്റൽ എഴുത്ത് ഉപകരണങ്ങളിൽ എത്തി നിൽക്കുന്നു നമ്മൾ.
ഞാൻ ഇപ്പൊൾ എഴുതുന്നത് സ്മാർട് ഫോണിൻ്റെ സ്ക്രീനിൽ എൻ്റെ വിരലുകൾ ഉപയോഗിച്ച് ഗൂഗിൾ മംഗ്ലീഷ് കീബോർഡിൽ അക്ഷരങ്ങൾ കൂട്ടിച്ചേർത്താണ്. ഇടയ്ക്ക് കൈ കൊണ്ട് അക്ഷരങ്ങൾ എഴുതി അത് ഡിജിറ്റൽ ആയി മാറ്റുന്ന ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് കീബോർഡും ഉപയോഗിക്കുന്നുണ്ട്. ഇനിയും എന്തൊക്കെ പുതിയ വഴികളാണ് നമ്മൾ കണ്ടെത്താൻ പോകുന്നത് എന്നറിയില്ല.
ദൃശ്യ മാധ്യമങ്ങളുടെ കടന്നുവരവോടെ വെറുതെ വായിച്ചു മനസ്സിലാക്കുക എന്നതിലുപരി ചലനചിത്രങ്ങളുടെയും ശബ്ദങ്ങളുടെയും അകമ്പടിയോടെ കൂടുതൽ ഇഷ്ടപ്പെടുന്ന രീതിയിൽ അറിവുകളെ അവതരിപ്പിക്കാനും അത് കണ്ടും കേട്ടും മനസ്സിലാക്കാനും നമ്മൾക്ക് കഴിയുന്നുണ്ട്. പക്ഷേ ഇപ്പറഞ്ഞ തരം മനസ്സിലാക്കൽ, വായിച്ചറിഞ്ഞ് മനസ്സിലാക്കുന്നതിൽ നിന്നും കുറച്ചൊക്കെ വ്യത്യസ്തമാണ്. പക്ഷേ ഇതാണ് പുതിയ കാലത്തിൻ്റെ ശെരി. നമുക്ക് അറിയാവുന്നത് എഴുത്തിലൂടെ പ്രതിഫലിപ്പിക്കുന്നതിനേക്കാൾ കൂടുതൽ അനുവാചകർക്ക് പ്രിയങ്കരമായി തോന്നുക ദൃശ്യഭാഷയിലാണ്. പക്ഷേ ഈ ദൃശ്യ ഭാഷയുടെ സൃഷ്ടിക്ക് പിന്നിലും എഴുത്ത് ഉണ്ടെന്നത് മറന്നുകൂടാ.
എഴുതാനും വായിക്കാനും ഇഷ്ടപ്പെടുന്നവരുടെ എണ്ണം കുറഞ്ഞേക്കാം. മലയാളത്തിലെ 51 അക്ഷരം എന്നതും ചിലപ്പോ കുറഞ്ഞേക്കും. പക്ഷേ അറിവ് സമ്പാദനം ഏത് വിധേനയും തുടരുക തന്നെ ചെയ്യും. ലോകത്തിലെ എല്ലാ ഭാഷയും അറിയുന്ന ഒരു നിർമിത ബുദ്ധിയിൽ അധിഷ്ടിതമായ റോബോട്ട് നമ്മുടെ കൂടെ വന്നാൽ നമ്മൾ ആ റോബോട്ടിനോട് സംവദിക്കാനുള്ള ഭാഷ മാത്രം സ്വായത്തമാക്കിയാൽ മതിയാകും എന്ന അവസ്ഥ വന്നേക്കാം. ഇനി ഒരുപക്ഷെ നമ്മൾ ഒന്നും മിണ്ടാതെ തന്നെ കണ്ണിൻ്റെ കൃഷ്ണമണിയുടെയും മുഖത്തെ പേശികളുടെയും ചലനത്തെ മനസ്സിലാക്കി സ്റ്റീഫൻ ഹോക്കിങ് ലോകത്തോട് സംസാരിച്ചത് പോലെ അതൊരു എളുപ്പ വഴിയായി കണ്ട് നമ്മളും മാറിയേക്കാം. ആർക്കറിയാം കാലം കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന്.
എന്തായാലും മനുഷ്യൻ പ്രകൃതിയിലെ കോടിക്കണക്കിന് ജീവജാലങ്ങളിൽ ഒന്നെന്ന ബോധ്യം നമ്മളിൽ തുടരുന്നത് വരെ പരസ്പരം മിണ്ടിയും കേട്ടും വായിച്ചും എഴുതിയും ആടിയും പാടിയും ചാടിയും ഓടിയും ജീവൻ്റെ തുടർച്ച നമുക്ക് ആഘോഷിക്കാം. കഥകൾ പറയാനും പാട്ടുകൾ പാടാനും അറിവുകൾ നേടി മുൻപോട്ടു പോകാനും സ്വതന്ത്രമായി ജീവിക്കാനും നമുക്ക് കഴിയണം. കാര്യങ്ങൾ ചിന്തിച്ചു മനസ്സിലാക്കി പ്രവർത്തിക്കുവാൻ നമുക്ക് സാധിക്കണം. വായന അതിനു നമുക്ക് സഹായകമാകും.
.......
അ ആ ഇ ഈ അക്ഷരമുണ്ടേ...
ആടിപ്പാടാം കൂട്ടരേ
ഒന്നേ രണ്ടേ എണ്ണിപ്പാടാം ...
വട്ടം ചുറ്റാം കൂട്ടരേ
പാട്ടുകൾ പാടാൻ കഥകൾ പറയാൻ ...
അറിവുകൾ നേടിപ്പോകേണം
വായിച്ചറിയാനൊരുദിനമല്ല ...
എന്നും വായനദിനമാണേ
.......
- - - മാണിക്യനു വേണ്ടി എഴുതിയ ഒരു കുഞ്ഞു കവിതയാണ്.
എന്നെന്നും വായിക്കുകയും വായിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ പ്രവർത്തിപഥത്തിൽ എത്തിച്ചും നമുക്ക് മുന്നോട്ട് നീങ്ങാം.
